മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് അത്ര ആരോ​ഗ്യകരമല്ലെന്നാണ് ആരോഗ്യവിദ​ഗ്ധരുടെ അഭിപ്രായം. ഹൃ​ദ്രോ​ഗങ്ങൾ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ പേശികൾക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നത്. തണുത്തവെള്ളം ചർമത്തിലെ രക്തക്കുഴലുകളെ ചുരുക്കും. അതുകൊണ്ടുതന്നെ തണുത്തവെള്ളത്തിലുള്ള കുളി ശരീരത്തിലെ രക്തപ്രവാഹം സാവധാനത്തിലാക്കും. ഇതിന്റെ ഫലമായി രക്തം പമ്പുചെയ്യാൻ വേണ്ടി ഹൃദയം വളരെവേഗത്തിൽ മിടിക്കാനും തുടങ്ങും. അതുകൊണ്ട് തണുപ്പുകാലത്ത് ചൂടുവെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.