അറിയാം ബദാം മിൽക്കിന്റെ ആരോഗ്യ ഗുണങ്ങൾ

വിറ്റാമിന്‍ ഇ, സി, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമായ ബദാം മില്‍ക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും മികച്ചതാണെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം മില്‍ക്ക് ഉണ്ടാക്കുന്നത്. ഇത് ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാം. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ ഇ, കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്‌സിഡന്റ് ആണ്. ഇത് ചര്‍മത്തിനും മുടിക്കും നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബദാം മില്‍ക്ക് മികച്ചതാണെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ബദാം മില്‍ക്കിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ഹൃദ്രോഗസാധ്യതയും കുറയും. ബലമുള്ള അസ്ഥികള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ പോഷകങ്ങളായ കാല്‍സ്യം വിറ്റാമിന്‍ ബി എന്നിവ മില്‍ക്കില്‍ അടങ്ങിയിട്ടുണ്ട്. പശുവിന്‍ പാലിനെ അപേക്ഷിച്ച് ബദാം മില്‍ക്കില്‍ സാധാരണയായി കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഇത് സ്വാഭാവികമായും ലാക്ടോസ് രഹിതമാണ്. അതിനാല്‍ ലാക്ടോസ് അസഹിഷ്ണുത ഉള്ളവര്‍ക്ക് അനുയോജ്യമാണ് ബദാം മില്‍ക്ക്.