ശരീരഭാരം കുറയ്ക്കാൻ ചിയ വിത്തുകൾ കഴിക്കേണ്ടത് വെള്ളത്തിലോ പാലിലോ

നിരവധി പോഷകങ്ങൾ അടങ്ങിയ കുഞ്ഞുവിത്തുകളാണ് ചിയ. ഇന്ന് നമ്മുടെ ഭക്ഷണശീലങ്ങളിൽ തീരെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ചിയ വിത്തുകൾ മാറിക്കഴിഞ്ഞു. ചിയ വിത്തുകൾ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കുന്നു. വെള്ളത്തിൽ കുതിർക്കുമ്പോൾ ജെൽ രൂപത്തിലാകുന്ന ചിയ വിത്തുകൾ വയറുവീർക്കൽ, മലബന്ധം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നാൽ പലരിലുമുള്ള ഒരു സംശയമാണ് ചിയ വിത്തുകൾ വെള്ളത്തിലോ പാലിലോ കുതിർത്ത് കഴിക്കുന്നതാണ് ശരീരഭാരം കുറയ്ക്കാൻ നല്ലത് എന്ന്. കാലറി കൂടാതെ ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടതെങ്കിൽ വെള്ളത്തിൽ ചേർത്ത ചിയ വിത്തുകളാണ് നല്ലത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. ജലാംശം കൂടുന്നത് അനാവശ്യ വിശപ്പിനെ അകറ്റി നിർത്തും. പ്രധാന ഭക്ഷണത്തിന് മുൻപ് വെള്ളത്തിൽ കുതിർത്ത ചിയ വിത്തുകൾ കഴിക്കുന്നത് വയറു നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് നൽകാനും ഇത് മികച്ചതാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പ്രഭാതഭക്ഷണത്തിനോ അല്ലെങ്കിൽ വൈകുന്നേരത്തെ ലഘുഭക്ഷണത്തിനോ പകരമായി ഉപയോഗിക്കാൻ പറ്റിയതാണ് പാലിൽ ചേർത്ത ചിയ സീഡ്സ് അഥവാ ചിയ പുഡ്ഡിങ്. പാലിലെ കാത്സ്യം, പ്രോട്ടീൻ, വിറ്റാമിൻ ബി 12 എന്നിവ ശരീരത്തിന് ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകുകയും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ കൊഴുപ്പ് കൂടിയ പാൽ ഉപയോഗിക്കുന്നത് കാലറി വർധിക്കാൻ കാരണമാകുമെന്നതിനാൽ അളവ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധികാണാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.