ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുവർക്ക് മുന്നറിയിപ്പ്

വിട്ടുമാറാത്ത ഉറക്കക്കുറവ് തലച്ചോറ്, ഹൃദയം, ഉപാപചയപ്രവര്‍ത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. ജോലി സമ്മര്‍ദ്ദം, സ്‌ക്രീന്‍ അഡിക്ഷന്‍, രാത്രി വൈകിയും ഇരുന്നുള്ള സ്‌ക്രോളിങ്ങ് എന്നിവമൂലം പല ആളുകളും ആറ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത്. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ആവശ്യമായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ഏകാഗ്രത, ഓര്‍മ്മശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ മോശമാകും. ശരിയായി ഉറങ്ങാത്ത ആളുകളില്‍ മറവിയും മാനസികമായ മന്ദതയും അനുഭവപ്പെട്ടേക്കാമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. കൂടാതെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും ഉറക്കക്കുറവ് കാരണമായേക്കാം. ഉപാപചയ പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കുന്നതില്‍ ഉറക്കത്തിന് ഒരു പ്രധാന പങ്കുണ്ട്. ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളില്‍ വ്യതിയാനങ്ങള്‍ക്ക് കരണമാക്കുന്നതായും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിന്‍ എന്ന രാസപദാര്‍ഥം ശരീരത്തില്‍ ഉത്പാദിപ്പിക്കുവാന്‍ പ്രകാശം തടസ്സമാകും . ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടുമുന്‍പ് വരെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം കൊണ്ടും ഉറക്കക്കുറവ് അനുഭവപ്പെടാം. അതുകൊണ്ട് ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാല്‍ മണിക്കൂര്‍ മുന്‍പെങ്കിലും ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായകമാകുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍.