അല്‍ഷിമേഴ്‌സ് പ്രതിരോധത്തില്‍ വ്യായാമത്തിന്റെ പങ്ക്

അല്‍ഷിമേഴ്‌സ് പ്രതിരോധത്തില്‍ വ്യായാമത്തിന് വലിയ പങ്കുണ്ടെന്ന് വെളുപ്പെടുത്തി പഠനം. മധ്യവയസ്സിലും അതിനുശേഷവും വ്യായാമം ശീലമാക്കുന്നതിലൂടെ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കുറയ്ക്കാനാവുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മധ്യവയസ്സില്‍ വ്യായാമം ശീലമാക്കിയവരില്‍ അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യത 45 ശതമാനം കുറവായിരിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. 4300 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കകാലത്ത് അല്‍ഷിമേഴ്‌സ് രോഗം സ്ഥിരീകരിക്കാത്തവരായിരുന്നു ഇവരെല്ലാം. ഇവരിലെ ഉറക്കത്തിന്റെ രീതി, വ്യായാമം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ചു. 26 വയസ്സു മുതല്‍ 34 വയസ്സുവരെ, നാല്‍പത്തിയഞ്ചു മുതല്‍ അറുപത്തിനാല് വരെ, അറുപത്തിയഞ്ചു മുതല്‍ എണ്‍പത്തിയെട്ടു വരെ എന്നിങ്ങനെ ജീവിതത്തെ മൂന്നു ഘട്ടങ്ങളാക്കി തിരിച്ചായിരുന്നു പഠനം നടത്തിയത്. മധ്യവയസ്സില്‍ വ്യായാമം തുടങ്ങുന്നതുപോലും മസ്തിഷ്‌കാരോഗ്യം കാക്കുന്നതില്‍ പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് പഠനം. വ്യായാമത്തിലൂടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെയും ഘടനയെയും മെച്ചപ്പെടുത്താനും അതുവഴി വീക്കം കുറയ്ക്കാനും കഴിയുമെന്നും ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കി. ജാമാ നെറ്റ്‌വര്‍ക്ക് ഓപ്പണിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.