ഉയരുന്ന താപനില ഓരോ വർഷവും 5,50,000 പേരുടെ മരണത്തിന് കാരണമാകുന്നതായി ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1990കളിൽ നിന്ന് 2025ലേക്ക് എത്തുമ്പോൾ ഉയരുന്ന താപനില മൂലമുള്ള മരണങ്ങളിൽ 63 ശതമാനത്തിന്റെ കുതിപ്പുണ്ടായതായും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. 2020നും 2024നും ഇടയിൽ ജനങ്ങൾ അനുഭവിച്ച ഉഷ്‌ണ ദിനങ്ങളിൽ 84 ശതമാനവും മനുഷ്യരുടെ പ്രവർത്തികൾ മൂലമുള്ള കാലാവസ്ഥ വ്യതിയാനമില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി. മനുഷ്യജീവിതം ആശ്രയിച്ചിരിക്കുന്ന ഭക്ഷണം, വെള്ളം മുതൽ സാമ്പത്തിക ഉത്‌പാദനക്ഷമത വരെ എല്ലാത്തിന്റെയും താളം തെറ്റിക്കാൻ കാലാവസ്ഥ വ്യതിയാനത്തിന് സാധിക്കുമെന്നും പഠനത്തിൽ ഗവേഷകർ വ്യക്തമാക്കുന്നു.



















