ചെറിയ തലവേദന മുതൽ പനി വരെയുള്ള എല്ലാ കാര്യത്തിനും ആൻ്റിബയോട്ടിക്കുകളെ ആശ്രയിക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. ഡോക്ടറുടെ കുറിപ്പടിപ്പോലുമില്ലാതെയാണ് പലരും ഇത്തരത്തിൽ മരുന്ന് വാങ്ങി കഴിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകൾ വാങ്ങുന്നത് ആരോഗ്യത്തിന് അപകടകരമാണെന്നും പതിവായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നും മുന്നറിയിപ്പ് നൽകുകയാണ് ഒരു പഠനം. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ എഐജി ഹോസ്പിറ്റലിൽ വച്ചാണ് പഠനം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 നും 80 നും ഇടയിൽ പ്രായമുള്ള 300 ഇന്ത്യക്കാരിൽ നടത്തിയ പരിശോധനയിൽ ഏകദേശം 83% പേരും ഇങ്ങനെയാണെന്ന് കണ്ടെത്തി. ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ വൈറൽ രോഗങ്ങൾക്ക് ഡോക്ടറുടെ നിർദേശമില്ലാതെ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും അപകടകരമാണ്. ഇതിലൂടെ ശരീരം ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കാരണമാകുന്നു. ക്രമേണ ആൻ്റിമൈക്രോബയൽ റെസിസ്റ്റൻസിലേയ്ക്ക് ഇത് നയിക്കുന്നു. ഇതിനെ സൂപ്പർബഗ് എന്നാണ് വിളിക്കുന്നത്. എല്ലാ വർഷവും ഏകദേശം 58,000 നവജാതശിശുക്കളുടെ മരണത്തിന് എഎംആർ അണുബാധകൾ കാരണമാകുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ വ്യക്തമാകുന്നു.



















