നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉപ്പും പഞ്ചസാരയും. ജങ്ക് ഫുഡ്, സോസുകൾ, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിലും ഉപ്പിന്റെയും പഞ്ചസാരയുടെയും സാന്നിധ്യമുണ്ട്. എന്നാൽ ഉപ്പിന്റെയും പഞ്ചസാരയുടെയും അമിതോപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ശരീരത്തിലെ സോഡിയം നിലനിർത്തുന്നതിന് ഉപ്പ് അത്യാവശ്യമാണ്. എന്നാൽ ഇവയുടെ അമിത ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം എന്നിവക്ക് കാരണമാകും. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ കൂടുതൽ വെള്ളം നിലനിർത്താൻ പ്രേരിപ്പിക്കുകയും രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി ധമനികളുടെ മതിലുകൾക്കുള്ളിൽ മർദം വർധിക്കുകയും ചെയ്യും. ക്രമേണ രക്തക്കുഴലുകൾ കഠിനമാവുകയും, ഹൃദയം വലുതാകുകയും, ധമനികളുടെ പാളികൾക്ക് പരിക്കിനും പ്ലാക്ക് രൂപപ്പെടാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. അധിക പഞ്ചസാര ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതാണ്. സ്ഥിരമായി ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം, മെറ്റബോളിക് സിൻഡ്രോം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യവിദദ്ധർ പറയുന്നു. ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കി സോഡിയത്തിന്റെയും പഞ്ചസാരയുടെയും അളവ് നിരീക്ഷിക്കണം. കൂടാതെ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകി ഹൃദയാരോഗ്യം സംരക്ഷിക്കണമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.



















