നഖങ്ങൾ പെട്ടെന്ന് പൊട്ടുകയോ അടർന്നു പോവുകയോ ചെയ്യുന്നതിനെയാണ് ബ്രിറ്റിൽ നെയിൽ സിൻഡ്രോം എന്ന് പറയുന്നത്. പല ഘടങ്ങൾ ഇതിന് പിന്നിലുണ്ടാകാം. പോഷകക്കുറവാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. കൂടാതെ, ഹൈപ്പോതൈറോയിഡിസം, പെരിഫറൽ വാസ്കുലർ ഡിസീസ്, ല്യൂപ്പസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകൾ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നുണ്ടെന്നും ആരോഗ്യവിദദ്ധർ പറയുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരുന്നത്. ശരീരത്തിൽ ഇരുമ്പ്, ബയോട്ടിൻ, വിറ്റാമിൻ ബി12, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവു നഖം കട്ടി കുറയ്ക്കാൻ കാരണമാകുന്നുണ്ട്. ഇരുമ്പിന്റെ അഭാവം നഖങ്ങൾ കനം കുറഞ്ഞ് കോയിലോനിക്കിയ എന്നറിയപ്പെടുന്ന സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. മുടി, ചർമം, നഖങ്ങൾ എന്നിവ രൂപപ്പെടുത്തുന്ന പ്രോട്ടീനായ ബയോട്ടിന്റെ കുറവാണ് മറ്റൊരു സാധാരണ കാരണം. കൂടാതെ പ്രായമാകുമ്പോൾ, നഖം വളരുന്നതിന്റെ വേഗത കുറയുകയും ജലാംശത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. സ്ത്രീകളിൽ, ആർത്തവവിരാമ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ നഖത്തിന്റെ കട്ടിയിലും ഘടനയിലും കൂടുതൽ സ്വാധീനം ചെലുത്തുമെന്നും ആരോഗ്യവിദദ്ധർ സൂചിപ്പിക്കുന്നു.



















