പ്ലേറ്റ്‌ലെറ്റ് കുറവാണോ? ഇവ കഴിക്കൂ! രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനുള്ള എളുപ്പവഴികൾ

പ്ലേറ്റ്ലെറ്റുകള്‍ രക്തത്തിലെ ഒരു പ്രധാന ഘടകമാണ്. ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചെറു കോശങ്ങളാണവ. രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ പ്ലേറ്റ്ലെറ്റുകള്‍ ഒരുമിച്ച് കട്ടപിടിച്ച് രക്തസ്രാവം തടയുന്നു. വൈറല്‍ ബാധ, കാന്‍സര്‍, ചില ജനിതകരോഗങ്ങള്‍ ഇവ മൂലം ശരീരത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വളരെ കുറഞ്ഞേക്കാം. ചില ഭക്ഷണങ്ങള്‍ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ കഴിയും. പഴുത്ത പപ്പായയും അവയുടെ ഇലയും രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാന്‍ മികച്ച മാര്‍ഗമാണ്. കൂടാതെ ആന്റി-ഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മാതളം രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മികച്ച മാര്‍ഗ്ഗമാണ്. മാതളം ജ്യൂസ് ആക്കിയോ അല്ലാതെയോ കഴിക്കാം. വൈറ്റമിന്‍ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മത്തങ്ങയിലെ ബീറ്റാ കരോട്ടിന്‍ ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇലക്കറികള്‍ പച്ചച്ചീര, ഉലുവ തുടങ്ങി വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ഇലക്കറികള്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. സാലഡില്‍ ചേര്‍ത്തോ, കറിവച്ചോ ഇവ കഴിക്കാം.