പ്രഭാതഭക്ഷണം വൈകി കഴിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്ന് പഠനം. മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെയും മാഞ്ചസ്റ്റർ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 22 വർഷത്തെ കാലയളവിൽ 42 നും 94 നും ഇടയിൽ പ്രായമുള്ള ഏകദേശം 3,000 മുതിർന്നവരിലാണ് പഠനം നടത്തിയത്. എന്നാൽ പ്രഭാതഭക്ഷണം നേരത്തെ കഴിച്ചവരുടെ അതിജീവന നിരക്ക് ഗണ്യമായി മെച്ചപ്പെട്ടിരുന്നു. നേരത്തെ കഴിച്ചവരുടെ 10 വർഷത്തെ അതിജീവന നിരക്ക് ഏകദേശം 90 ശതമാനമായിരുന്നു. അതേസമയം വൈകി കഴിച്ചവരുടെ എണ്ണം ഏകദേശം 87 ശതമാനമായി കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തി. ചുരുക്കി പറഞ്ഞാൽ പ്രഭാതഭക്ഷണം വൈകിപ്പിക്കുന്ന ഓരോ മണിക്കൂറിലും, മരണ സാധ്യത 8 മുതൽ 11 ശതമാനം വരെ വർദ്ധിക്കുന്നതായി ഗവേഷകർ പറയുന്നു. പ്രാതൽ രാവിലെ വളരെ വൈകി കഴിക്കുന്നത് ശരീരം പോഷകങ്ങൾ പ്രോസസ്സ് ചെയ്യുന്ന രീതിയെയും ഊർജ്ജം സംഭരിക്കുന്ന രീതിയെയും വിശപ്പ് നിയന്ത്രിക്കുന്ന രീതിയെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും പഠനത്തിൽ കണ്ടെത്തി. വളരെ വൈകി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, വീക്കം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുകയും ചെയ്യും.



















