കോഴിയുടെ ലിവർ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് അത്ര നല്ലതാണോ

ശരീരത്തിലെ വിഷാംശത്തെ ശുദ്ധീകരിക്കുകയാണ് കരൾ അഥവാ ലിവർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ കോഴിയുടെ ലിവർ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് അത്ര നല്ലതാണോ?. പലർക്കുമുള്ള ഒരു സംശയമാണിത്. എന്നാൽ ചിക്കൻ ലിവർ ആരോഗ്യത്തിന് മികച്ചതാണെന്നാണ് പറയപ്പെടുന്നത്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ചിക്കൻ ലിവർ. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും രോഗ പ്രതിരോധ ശേഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ എ ലിവറിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിൽ അയണിന്റെ അളവ് കുറവുള്ളവർക്കും ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിനും ലിവർ കഴിക്കുന്നത് സഹായിക്കുന്നു. എന്നാൽ കൊളസ്‌ട്രോൾ കൂടുതലുള്ളവർ ചിക്കൻ ലിവർ ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു. വിറ്റാമിൻ എയുടെ അളവ് കൂടുതലുള്ളതിനാൽ ഗർഭകാലത്ത് ചിക്കൻ ലിവർ കഴിക്കുന്നത് കുട്ടിക്ക് അത്ര നല്ലതല്ല. കറി ഉണ്ടാക്കുന്നതിന് മുമ്പ് ചിക്കന്റെ ലിവർ പലതവണ കഴുകി ശുചിത്വം ഉറപ്പുവരുത്തുവാനും മറക്കേണ്ട.