മനുഷ്യമാംസം ജീവനോടെ ഭക്ഷിക്കുന്ന ‘സ്‌ക്രൂവേം’ ഭീതിയില്‍ അമേരിക്ക

മനുഷ്യരാശിയുടെ നിലനില്‍പ്പിന് പോലും ഭീഷണി ആയേക്കാവുന്ന മനുഷ്യമാംസം കാര്‍ന്ന് തിന്നുന്ന പരാദങ്ങളുടെ ആക്രമണം അമേരിക്കയില്‍ റിപ്പോര്‍ട്ടുചെയ്തു. 50 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപ വര്‍ഷങ്ങളിലായി കന്നുകാലികളില്‍ കണ്ടുവന്നിരുന്ന സ്‌ക്രൂവേം എന്ന ഈ പരാദങ്ങള്‍, മുറിവിലൂടെ ഉള്ളില്‍ കയറുകയും മാംസം ഭക്ഷിക്കുകയുമാണ് ചെയ്യുന്നത്. ശരീരത്തില്‍ കടന്നാല്‍, സ്‌ക്രൂവേമുകള്‍ ശരീരം തുളച്ച് യഥേഷ്ടം സഞ്ചരിക്കുകയും, ചികിത്സ ദുഷ്‌കരമാക്കുകയും ചെയ്യും. കന്നുകാലി വ്യവസായത്തിന് ഭീഷണിയായ സ്‌ക്രൂവേമിന്റെ ആക്രമണത്തിന് അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നുള്ള യുവാവാണ് ഇരയായത്. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍ യുവാവില്‍ സ്‌ക്രൂവേമിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഒരു സ്‌ക്രൂവേമിന് മൂവായിരത്തോളം മുട്ടകളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ, ഒരിക്കല്‍ ഈ പരാദം ശരീരത്തില്‍ കടന്നാല്‍ പെരുകാനുള്ള സാധ്യത കൂടുതലാണ്. ആക്രമണത്തിന് ഇരയായ യുവാവിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല.