രാജ്യത്ത് ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അര്‍ബുദ നിയന്ത്രണത്തിന് കൂടുതല്‍ നടപടികള്‍ ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതി. പൊതുമേഖലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അര്‍ബുദം തിരിച്ചറിയുന്നതിനുള്ള പരിശോധനകളുടെ പാക്കേജുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്ററി സമിതി മുന്നോട്ടുവെച്ചു. ഇതിനായി സര്‍ക്കാര്‍ വിവിധ പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇന്ത്യയില്‍ 70 ശതമാനം രോഗികളിലും ക്യാന്‍സര്‍ ബാധ തിരിച്ചറിയുന്നത് രോഗബാധ മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജില്‍ എത്തുമ്പോഴാണ്. എന്നാല്‍ രോഗം ആദ്യ ഘട്ടത്തില്‍തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ ഫലപ്രദമായ ചികിത്സ നല്‍കാനും നിരവധി ജീവനുകള്‍ രക്ഷിക്കാനും കഴിയും. ഈ സാഹചര്യത്തിലാണ് രോഗ നിര്‍ണയത്തിനുള്ള ഇന്‍ഷുറന്‍സ് പാക്കേജുകള്‍ പ്രസക്തമാകുന്നതെന്നും സമിതി നിരീക്ഷിച്ചു.






















