എച്ച്ഐവി പ്രതിരോധത്തിൽ നിർണായക ചുവടുവയ്പ്പായി ഗിലിയഡ് സയൻസസിൻറെ പ്രതിരോധ കുത്തിവയ്പ്പ്. വർഷത്തിൽ രണ്ട് ഡോസ് എന്ന നിലയിൽ എടുക്കാവുന്ന ലെനകാപാവിർ എന്ന കുത്തിവയ്പ്പിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നൽകിയതാണ് റിപ്പോർട്ട്. റുവാണ്ടയിലെ കിഗാലിയിൽ നടന്ന അന്താരാഷ്ട്ര എയ്ഡ്സ് കോൺഫറൻസിലാണ് ഡബ്ല്യുഎച്ച്ഒ മരുന്ന് ശുപാർശ ചെയ്തത്. മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി ഏകദേശം ഒരു മാസത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടന മരുന്ന് ശുപാർശ ചെയ്യുന്നത് എന്നാണ് വിവരം. 2022 ൽ കാനഡയാണ് എയിഡ്സ് ചികിത്സിക്കുന്നതിനായി ലെനകാപാവിർ ആദ്യം അംഗീകരിക്കുന്നത്. പരീക്ഷണങ്ങളിൽ ഇത് അണുബാധയുടെ സാധ്യത ഗണ്യമായി കുറയ്ക്കുകയും എച്ച്ഐവിക്കെതിരെ ഏതാണ്ട് പൂർണ്ണമായ സംരക്ഷണം നൽകുകയും ചെയ്യുന്നതായി കമ്പനി അവകാശപെടുന്നുണ്ട്.




















