സംസ്കരിച്ച ഭക്ഷണങ്ങളുടെ വിൽപ്പനയിൽ നടപടി വേണമെന്ന് പഠനം

ഇന്ത്യയിൽ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ വിൽപ്പനയിലുണ്ടായ വർധനവിൽ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പഠനം. ‘ദി ലാൻസെറ്റി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇൻസ്റ്റൻ്റ് നൂഡിൽസ്, റെഡി-ടു-ഈറ്റ് മീൽസ്, സംസ്കരിച്ച മാംസം, ബ്രെഡുകൾ തുടങ്ങിയ ഭക്ഷണങ്ങളെയാണ് അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളായി കണക്കാക്കുന്നത്. 43-ഓളം വിദഗ്ധർ നേതൃത്വം നൽകിയ പഠനത്തിൽ രാജ്യത്തെ തനതായ ഭക്ഷണങ്ങൾക്ക് പകരം അമിതമായി സംസ്കരിച്ച ഭക്ഷണം ഡയറ്റിൽ ഇടംപിടിക്കുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് പോഷകാഹാരത്തെ ബാധിക്കുകയും വിട്ടുമാറാത്ത രോഗങ്ങൾ വർധിക്കാൻ കാരണമാവുകയും ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ വ്യക്തമാക്കുന്നു. ഇവ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഠനം ശുപാർശ ചെയ്യുന്നു. വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾക്ക് മാത്രം ഭക്ഷണക്രമം മെച്ചപ്പെടുത്താൻ കഴിയില്ലെന്നും അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ ലഭ്യതയും വിപണനവും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും പഠനത്തിൽ ഗവേഷകർ കൂട്ടിച്ചേർത്തു.
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളെയും കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണങ്ങളെയും നിയമപരമായി ലേബൽ ചെയ്യുക, പ്രേക്ഷകർ കൂടുതലുള്ള സമയങ്ങളിൽ ഇത്തരം ഭക്ഷണങ്ങളുടെ പരസ്യങ്ങൾ നിരോധിക്കുക, സ്കൂൾ പരിസരത്ത് അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ വിൽപ്പന നിയന്ത്രിക്കുക എന്നീ നിർദേശങ്ങൾ പഠനം മുന്നോട്ട് വയ്ക്കുന്നു.