ചെന്നൈ: ജയലളിത മത്സരിച്ചിരുന്ന ആര്.കെ നഗര്‍ മണ്ഡലത്തില്‍ തോഴിയായിരുന്ന ശശികല മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ജയലളിതയുടെ മുപ്പതാം ചരമ ദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ ശശികലക്ക് വേണ്ടി പി.വെട്രിവേല്‍ എംഎല്‍എ അഭ്യര്‍ഥന നടത്തിയിരുന്നു. അത് വാന്‍ പ്രതിഷേധത്തിനിടയാക്കി.
ജയലളിതയുടെ സഹോദരപുത്രി ദീപ മത്സരിക്കുന്നതാണ് നല്ലതെന്ന് പല പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ പോലും രൂക്ഷമായ ഭാഷയിലാണ് ശശികലയുടെ രംഗപ്രവേശത്തോടു പ്രതികരിച്ചത്. ഞങ്ങള്‍ വന്നത് അമ്മക്ക് വേണ്ടിയാണ്, ചിന്നമ്മക്ക് വോട്ട് ചെയ്യാനല്ല എന്ന് അവര്‍ പറഞ്ഞു.
77 ദിവസം അമ്മ ആശുപത്രിയില്‍ കിടന്നപ്പോള്‍ അമ്മയെ കാണാന്‍ ചിന്നമ്മ തങ്ങളെ അനുവദിച്ചോ എന്നും സ്ത്രീകള്‍ ചോദിച്ചു. പ്രതിഷേധം ഉയരുന്നതിനാല്‍ ശശികല മധുരയില്‍ മത്സരിക്കാനാണ് സാധ്യതയെന്നാണ് സൂചന. പ്രതിഷേധത്തിന് പിന്നില്‍ ഡിഎംകെയാണെന്ന് വെട്രിവേല്‍ എംഎല്‍എ പറഞ്ഞു.എന്നാല്‍ ഡിഎംകെ ആരോപണം തള്ളി.




















