തല കുളിച്ചാല്‍ മുടി കൊഴിയുമോ? സ്ത്രീപുരുഷ ഭേതമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിയാന്‍ പല കാരണങ്ങളുണ്ടെങ്കിലും ദിവസവും തല കുളിച്ചാല്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇത് സത്യമാണോ.? ദിവസവും തലമുടി കഴുകുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നത്. ഇങ്ങനെ ദിവസവും കഴുകുന്നത് മുടി കൊഴിച്ചില്‍ കൂടാനും മുടി കൂടുതല്‍ പരുക്കനാകാനും കാരണമാകും. സ്വന്തം രക്തക്കുഴലുകളില്ലാത്തതിനാല്‍ ചര്‍മ്മ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവത്തിലൂടെയാണ് മുടിക്ക് വളരാനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. ചൂടുള്ള വായു, അള്‍ട്രാവയലറ്റ് വികിരണം, കാറ്റ്, മഴ തുടങ്ങിയവയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്ന ഈ ചര്‍മ്മപാളി, മുടി ദിവസവും കഴുകുന്നതിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ മുടി വരണ്ടതും നിര്‍ജ്ജീവവുമാകും. മാത്രമല്ല മുടി പിളരുകയുംചെയ്യുന്നു. വരണ്ട തലയോട്ടിയാണ് നിങ്ങളുടേതെങ്കില്‍ നിരന്തരം തല കഴുകുന്നതിലൂടെ അത് കൂടുതല്‍ വരണ്ടതാകാന്‍ സാധ്യതയുണ്ട്. ഇത് താരന് വര്‍ധിപ്പിക്കാനിടയാക്കും. താരന് വര്‍ധിക്കുന്നതോടെ മുടി കൊഴിച്ചിലും ഉണ്ടാകും.






















