നട്സുകൾ കഴിക്കുന്നവർ ആണോ നിങൾ ? എങ്കിൽ ചെറുതായി ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന പലർക്കും പറ്റുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്നാണ് നല്ലതെന്ന് തോന്നുന്ന ഭക്ഷണം അമിതമായി കഴിക്കുന്നത്. പറഞ്ഞുവരുന്നത് പോഷകങ്ങളാലും ആന്റിഓക്സിഡന്റുകളാലും സമൃദ്ധമായ ബ്രസീലിയൻ നട്സിനെ പറ്റിയാണ്. രോഗപ്രതിരോധത്തിനും തൈറോയ്ഡ് ആരോഗ്യത്തിനുമെല്ലാം ബ്രസീൽ നട്സ് മികച്ചതാണ്. കൂടാതെ, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്രയധികം ഗുണങ്ങളുണ്ടെങ്കിലും കണക്കില്ലാതെ ബ്രസീൽ നട്സ് കഴിക്കുന്നത് ശരീരത്തിൽ സെലിനിയത്തിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ദൈനംദിനം 55 മൈക്രോഗ്രാം സെലീനിയം മാത്രമേ ഒരാൾക്ക് ആവശ്യമുള്ളൂ. ഗർഭിണികൾക്ക് ഇത് 60 മൈക്രോഗ്രാമും മുലയൂട്ടുന്ന സ്ത്രീകൾക്ക് 70 മൈക്രോഗ്രാം ആണെന്നുമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നത്. അതിനാൽ, ഈ അളവിൽ കൂടുതൽ സെലീനിയം ശരീരത്തിലെത്തുന്നത് സെലനോസിസിന് കാരണമായേക്കും. ഇത് തീവ്രമാകുന്ന അവസ്ഥയിൽ ഹൈപ്പർ റിഫ്ലെക്സിയ, മുടി കൊഴിച്ചിൽ, ചർമത്തിൽ ചൊറിച്ചിൽ എന്നിവയും ബാധിച്ചേക്കാം. അതിനാൽ ദൈനംദിനം ഒന്നോ രണ്ടോ ബ്രസീൽ നട്സ് മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.






















