ദിവസേന ഓഫീസ് കോഫി മെഷീനുകളില്‍ നിന്നുള്ള കോഫി ഉപഭോഗം കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്

ദിവസേന ഓഫീസ് കോഫി മെഷീനുകളില്‍ നിന്നുള്ള കോഫി ഉപഭോഗം കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റിയിലെയും ചാമേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെയും ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. സാധാരണ ഓഫീസ് കോഫി മെഷീനുകളില്‍ നിന്നുള്ള കാപ്പിയില്‍, പതിവ് ഫില്‍ട്ടര്‍ കോഫിയെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന പദാര്‍ഥങ്ങള്‍ കൂടുതലായി അടങ്ങിയിരിക്കുന്നതായി ​ഗവേഷകർ പഠനത്തിൽ കണ്ടെത്തി. ന്യൂട്രീഷന്‍, മെറ്റബോളിസം & കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഈ കൊളസ്‌ട്രോള്‍ വര്‍ധനവിന് പിന്നിലെ പ്രധാന പദാര്‍ഥങ്ങള്‍ ഡൈടെര്‍പീന്‍സാണ്. ഇവ കഴിക്കുമ്പോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അതിവേഗം വര്‍ധിക്കുന്നുവെന്നും ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാവുന്നുവെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടി. പതിനാല് കോഫി മെഷീനുകളാണ് ഗവേഷകർ പരിശോധിച്ചത്. ഓഫീസ് കോഫി മെഷീനുകളില്‍ കൊളസ്‌ട്രോള്‍ വർധിപ്പിക്കുന്ന ഈ പദാര്‍ഥങ്ങളുടെ അളവ്, സാധാരണ ഡ്രിപ്-ഫില്‍ട്ടര്‍ കോഫി മേക്കറുകളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കണ്ടെത്തിയാതായി പഠനത്തിന്റെ പ്രധാന ഗവേഷകനായ ഡേവിഡ് ഇഗ്മാന്‍ വ്യക്തമാക്കി. ഓഫീസുകളില്‍ കാണുന്ന വിവിധ മെഷീനുകളില്‍ നിന്നുള്ള കോഫി ഗവേഷകര്‍ പരിശോധിച്ചാണ് വിലയിരുത്തിയത്. എന്നാൽ ചില മെഷീനുകളില്‍ കൊളസ്‌ട്രോള്‍ ലെവലിനെ ബാധിക്കാന്‍ പര്യാപ്തമായ അളവില്‍ ഡൈടെര്‍പീന്‍സ് ഉണ്ടായിരുന്നു. ഒരേ മെഷീനില്‍ പോലും കാലക്രമേണ ഡൈടെര്‍പീന്‍ സാന്ദ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. നല്ല രീതിയില്‍ ഫില്‍ട്ടര്‍ ചെയതെടുക്കുന്ന കാപ്പിയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ലത്. എല്‍ഡിഎല്‍ കൊളസ്‌ട്രോളിലെ കൃത്യമായ ഫലങ്ങള്‍ അറിയാന്‍, ഈ കോഫി പതിവായി കുടിക്കുന്ന ആളുകളില്‍ ഒരു നിയന്ത്രിത പഠനം ആവശ്യമാണെന്നും ഇഗ്മാന്‍ കൂട്ടിച്ചേർത്തു.