ഗർഭധാരണം തടയാൻ സ്ത്രീകളിൽ സ്വയം ഇൻഞ്ചെക്റ്റ് ചെയ്യാവുന്ന മാർഗം വികസിപ്പിച്ചതായി റിപ്പോർട്ട്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ. മൈക്രോസ്കോപ്പിക് ക്രിസ്റ്റലുകൾ അടങ്ങിയ ഈ ഇൻഞ്ചെക്ഷനിൽ നിന്നുള്ള ഹോർമോണുകൾ സ്ത്രീകളിൽ പ്രത്യുത്പാദനത്തിനായി അണ്ഡം പുറത്തുവിടുന്നതിനെ തടയുന്നു. നിലവിൽ ഗർഭധാരണം തടയാൻ സ്വീകരിക്കുന്ന ഇംപ്ലാന്റുകളിൽ പലതും വർഷങ്ങളോളം സുരക്ഷ നൽകുമെങ്കിലും സർജിക്കൽ രീതികളിലൂടെ ശരീരത്തിനുള്ളിൽ പിടിപ്പിക്കുന്നവയാണ്. ഇതുപോലെ തന്നെയാണ് 3 മാസത്തോളം ഗർഭധാരണം തടയാൻ പ്രാപ്യമാണ് ഈ ഇൻഞ്ചെക്ഷനുകൾ. ആളുകൾക്ക് സ്വയം ഇൻഞ്ചെക്റ്റ് ചെയ്യാവുന്ന രീതിയിൽ വികസിപ്പിച്ചെടുക്കുക എന്നതാണ് ഗവേഷണ കാലയളവിൽ നേരിട്ട പ്രധാനവെല്ലുവിളിയെന്ന് പഠനത്തിൽ പങ്കാളിയായ ഡോ. ജിയോവാനി ട്രാവെർസോ ചൂണ്ടിക്കാട്ടി. മുറിവും രക്തസ്രാവവും കുറവുവരുന്ന ചെറുസൂചികൾ ഉപയോഗിച്ച് പരമാവധി സൗകര്യപ്രദമാക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മനുഷ്യരിൽ പരീക്ഷണം നടക്കാനിരിക്കുന്നതേയുള്ളു എന്നും ഗവേഷകർ വ്യക്തമാക്കി.



















