ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നതാണ് ലക്ഷ്യം. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ണായക ഇടപെടല്‍ നടത്തുന്നത്. ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി തുടങ്ങിയയിടങ്ങളിലാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുക. ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രക്ത പരിശോധനാ ലാബുകള്‍, സ്‌കാനിംഗ് എന്നീ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിംഗ് മെഷീന്‍ ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുക. നിലവില്‍ പ്രധാന മെഡിക്കല്‍ കോളേജുകളിലും ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.






















