താൻ നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം അർജുൻ കപൂർ. വിഷാദരോഗം, ഓട്ടോഇമ്മ്യൂൺ ഡിസോർഡർ എന്നിവയാൽ താൻ ബുദ്ധിമുട്ടിയ കാലത്തേക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. ചില ചിത്രങ്ങൾ ബോക്സോഫീസിൽ തകർന്നതിനു പിന്നാലെ താൻ മാനസികമായി തളർന്നിരുന്നുവെന്ന് പറയുകയാണ് അർജുൻ. കുട്ടിക്കാലത്ത് അമിതവണ്ണമുണ്ടായിരുന്നത് തനിക്കൊരു ട്രോമ പോലെയായിരുന്നു. അടുത്തിടെയുണ്ടായ മാനസിക സമ്മർദങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതിരുന്നതോടെ തെറാപ്പി എടുക്കുകയും ചെയ്തു. മറ്റുള്ളവരുടെ മികച്ച പ്രകടനങ്ങൾ കാണുകയും തനിക്കത്തരം അവസരം ലഭിക്കാത്തതിനേക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്തു. നെഗറ്റീവ് ചിന്തകൾ വർധിച്ചതോടെയാണ് തെറാപ്പി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും തെറാപ്പിസ്റ്റാണ് തനിക്ക് ചെറിയതോതിൽ വിഷാദരോഗമുണ്ടെന്ന് സ്ഥിരീകരിച്ചതെന്നും അർജുൻ വ്യക്തമാക്കി. ഓട്ടോഇമ്മ്യൂൺ ഡിസോർഡറായ ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് സ്ഥിരീകരിച്ചതിനേക്കുറിച്ചും നടൻ ആദ്യമായി മനസ്സുതുറന്നു. തൈറോയ്ഡ് തകരാറിന്റെ കുറച്ചുകൂടി ഗൗരവകരമായ അവസ്ഥയാണിത്. നിങ്ങളുടെ ആന്റിബോഡീസ് നിങ്ങളെത്തന്നെ ആക്രമിക്കുകയാണ് ചെയ്യുന്നത് എന്നും അർജുൻ വിശദീകരിച്ചു.