സിഎസ്ബി ബാങ്ക് മാനേജ്‌മെന്റിനെതിരെയുള്ള പണിമുടക്കിൽ ഐക്യധാർട്യം പ്രഖ്യാപിച്ച് ഇന്ത്യൻ ബാങ്ക് ജീവനക്കാർ

സിഎസ്ബി ബാങ്ക് മാനേജ്‌മെന്റിനെതിരെയുള്ള പണിമുടക്കിൽ ഐക്യധാർട്യം പ്രഖ്യാപിച്ചതായി ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ശ്രീ വെങ്കിടേശൻ പി. അറിയിച്ചു. കാത്തലിക്ക് സിറിയൻ ബാങ്കിനെ തകർക്കരുത്, വിദേശ മുതലാളിയുടെ ജനവിരുദ്ധ ബാങ്കിങ് നയം തിരുത്തുക, അന്യമായ തൊഴിൽ രീതികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഎസ്ബി ബാങ്ക് നടപടികൾക്കെതിരെ ജീവനക്കാർ വീണ്ടും ത്രിദിന പണിമുടക്ക് നടത്തുന്നത്.

ഒക്ടോബർ 20, 21, 22 തിയ്യതികളിലാണ് സിഎസ്ബി ബാങ്കിലെ എല്ലാ യൂണിറ്റുകളും പണിമുടക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇവർക്ക് ഐക്യദാർട്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്വകാര്യ ബാങ്കുകളും ഒക്ടോബർ 22 ന് പണിമുടക്ക് നടത്തുമെന്നും ഓൾ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എറണാകുളം ജില്ല അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ വെങ്കിടേശൻ അറിയിച്ചു.

2017 നവംബർ ഒന്ന് മുതൽ നടപ്പിലാകേണ്ട പതിനൊന്നാം ഉഭയകക്ഷി കരാർ സിഎസ്ബി ബാങ്കിൽ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് ജീവനക്കാർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. 2019 ഏപ്രിൽ ഒന്ന് മുതൽ ഈ ബാങ്കിൽ മാത്രം ജീവക്കാരുടെ റിട്ടയർമെന്റ് പ്രായം 58 വയസായി കുറച്ചു. കൂടാതെ സ്ഥിരം ജീവനക്കാരുടെ എണ്ണം 3200 ഇൽ നിന്നും 1353 ആയി വെട്ടിക്കുറക്കുകയും പകരം തുച്ഛമായ വേതനത്തിൽ 3500 ഇൽ പരം താത്കാലിക കോൺട്രാക്ട് തൊഴിലാളികളെ പുതിയതായി നിയമിക്കുകയും ചെയ്തു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാർച്ച്, സെപ്റ്റംബർ മാസങ്ങളിൽ സിഎസ്ബി ബാങ്കിലെ മുഴുവൻ ജീവക്കാരും ഓഫീസർമാരും യുണൈറ്റഡ് ഫോറം ഓഫ് സിഎസ്ബി ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ പണിമുടക്കിയെങ്കിലും മാനേജ്‌മെന്റിന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല.

ബാങ്കിന്റെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച സ്ഥിരം ജീവനക്കാരെ ഭയപ്പെടുത്തൽ കൊണ്ടും ശിക്ഷാനടപടികളിലൂടെയും തൊഴിലിൽ നിന്ന് പുറത്താക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY