കന്നട സൂപ്പർതാരമായ ശിവരാജ് കുമാർ താൻ രോഗബാധിതനാണെന്നും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും വെളിപ്പെടുത്തി

കന്നട സൂപ്പർതാരമായ ശിവരാജ് കുമാർ അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തൽ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. താൻ രോഗബാധിതനാണെന്നും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും ആണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ രോഗം സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചില്ല. താനും ഒരു മനുഷ്യനാണ്, തനിക്ക് ഒരു പ്രശ്‌നമുണ്ട്. അതിന് വേണ്ടിയുള്ള ചികിത്സ നടക്കുകയാണ്. നാല് തവണകൂടി ചികിത്സ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പങ്കുവച്ചു. രണ്ട് സെഷനുകൾക്ക് ശേഷം ഒരു ശസ്ത്രക്രിയ ആവശ്യമാണെന്നും അത് യുഎസ്സിൽ ആയിരിക്കുമെന്നും അത് കഴിഞ്ഞ് ഭേദമാവാൻ ഒരുമാസം വേണ്ടിവരുമെന്നും അതിന് ശേഷം താൻ പൂർണ ആരോഗ്യവാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സ നടക്കുന്നുണ്ടെങ്കിലും ജോലി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.