സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികവർഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകൾ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാൻ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ തയാറാക്കും. ആദിവാസി മേഖലയിലെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അമ്മയും കുഞ്ഞും പദ്ധതി, മാതൃ ശിശു മരണങ്ങൾ കുറയ്ക്കുക, അരിവാൾ രോഗികളുടെ പ്രശ്നങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, മാനസികാരോഗ്യം, വിമുക്തി തുടങ്ങിയ വിവിധ പ്രശ്നങ്ങൾ വിലയിരുത്തിയാകും ആക്ഷൻപ്ലാനും എസ്.ഒ.പിയും തയ്യാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി മേഖലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, പട്ടികവർഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ശിൽപശാല സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ആദിവാസി, തീരദേശ മേഖലയുടെ വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു.