ഇൻസുലിൻ’ എന്ന പേരിൽ ഗുളികരൂപത്തിൽ ഇറക്കിയിരുന്ന ഹോമിയോ മരുന്നിന്റെ ലൈസൻസ് റദ്ദാക്കി. പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇൻസുലിനായി തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതി ഉയർന്ന ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും ലൈസൻസ് റദ്ദാക്കിയെന്നും രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് വഴി പരാതി നൽകിയ ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബുവിനെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇൻസുലിൻ എന്ന പേരിലുള്ള ഗുളിക പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും ഇത് ഉപയോഗിക്കുന്നതിലൂടെ പ്രമേഹം മൂർച്ഛിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്ന് ഡോ. കെ.വി. ബാബു ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.