രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാബർഗ്‌ വൈറസ്‌ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ പടരുന്നതായി റിപ്പോർട്ട്

രക്തക്കുഴലുകളുടെ ഭിത്തിയിൽ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാബർഗ്‌ വൈറസ്‌ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ച ഈ വൈറസ്‌ മൂലം 12 പേരാണ്‌ റുവാണ്ടയിൽ മരണപ്പെട്ടത്‌. രക്തസ്രാവം, അവയവ സ്‌തംഭനം എന്നിവയ്‌ക്ക്‌ കാരണമാകുന്ന ഈ മാരകവൈറസ്‌ ബാധിക്കപ്പെട്ടവരുടെ മരണനിരക്ക്‌ 88 ശതമാനമാണ്‌. എബോള വൈറസിന്റെ കുടുംബത്തിൽ ഉൾപ്പെട്ട വൈറസ് ആണ് മാബർഗ്‌. റുവാണ്ടയിൽ 41 പേർക്കാണ്‌ മാബർഗ്‌ വൈറസ്‌ മൂലമുള്ള മാബർഗ്‌ വൈറസ്‌ ഡിസീസ്‌ സ്ഥിരീകരിക്കപ്പെട്ടത്‌. വൈറസ്‌ ഉള്ളിലെത്തി രണ്ട്‌ മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷമാകും. ഉയർന്ന പനി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ രോഗം ആരംഭിക്കാറുള്ളത്‌. പേശീ വേദനയും രോഗികളിൽ പൊതുവായി കാണപ്പെടുന്നു. അതിസാരം, വയർവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ മൂന്നാം ദിവസം മുതൽ പ്രത്യക്ഷമാകും. നിലവിൽ വാക്‌സീനുകളോ ആന്റി വൈറൽ ചികിത്സകളോ മാബർഗ്‌ വൈറസ്‌ മൂലമുള്ള രോഗത്തിന്‌ ലഭ്യമല്ല. നിർജലീകരണം തടഞ്ഞും ഓരോ ലക്ഷണങ്ങൾക്കുള്ള ചികിത്സകൾ നൽകിയും രോഗി രക്ഷപ്പെടാനുള്ള സാധ്യകൾ വർധിപ്പിക്കാം. മോണോക്ലോണൽ ആന്റിബോഡികളും ആന്റിവൈറൽ മരുന്നുകളും വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്‌.