തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതലുകളെടുക്കണം. മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്നും ഇത്തരം കുളങ്ങളിൽ കുളിക്കുന്നവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ വിദ​ഗ്ധ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖ പ്രകാരമായിരിക്കും ചികിത്സ. രോ​ഗം സംബന്ധിച്ച അവബോധം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. അതേസമയം തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളെല്ലാം പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായവരാണ്‌.