അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ത്രിദിന രാജ്യാന്തര സമ്മേളനം ‘ഉദ്‌ബോധ്’ നവംബര്‍ 1 മുതല്‍ കൊച്ചിയില്‍

കൊച്ചി: അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗത്തെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ട് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര സമ്മേളനം ‘ഉദ്‌ബോധ്’ നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ നടക്കും. കുസാറ്റ് (കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) സെമിനാര്‍ കോംപ്ലക്‌സിലാണ് സമ്മേളനം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആര്‍ഡിഎസ്‌ഐ), മാജിക്‌സ് (മാനേജിംഗ് ആന്‍ഡ് ജനറേറ്റിങ് ഇന്നൊവേഷന്‍സ് ഫോര്‍ കമ്മ്യൂണിറ്റി സര്‍വീസസ്), നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം), ഐഎംഎ കെയര്‍ ഫോര്‍ എല്‍ഡേര്‍ളി, ഡിറ്റിപിസി, കേരള ആരോഗ്യ സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ കുസാറ്റ് ബയോടെക്‌നോളജി വിഭാഗത്തിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ് പ്രജ്ഞയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളന നടത്തിപ്പിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന ആരോഗ്യ, സമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, എന്‍എച്ച്എം സ്റ്റേറ്റ് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐഎഎസ്, കുസാറ്റ് വിസി പ്രൊഫ. കെ.എന്‍. മധുസൂദനന്‍, ആരോഗ്യ സര്‍വകലാശാല വിസി ഡോ. എം.കെ.സി. നായര്‍ എന്നിവര്‍ രക്ഷാധികാരികളായും സംഘാടകസമിതി രൂപീകരിച്ചു.

യുഎസ്, യുകെ, ജര്‍മനി, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ മൂന്ന് ദിവസത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഡോക്യുമെന്ററി, ചലച്ചിത്ര പ്രദര്‍ശനം, രോഗികളെ പരിപാലിക്കുന്നവര്‍ക്ക് ശില്‍പശാല, വിദഗ്ധരുമായി സംവാദം തുടങ്ങിയവ സംഘടിപ്പിക്കും. കൂടാതെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുഎസിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ കാത്തി ഗ്രീന്‍ബ്ലാറ്റിന്റെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും.

സമ്മേളനത്തോട് അനുബന്ധിച്ച് അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് സമൂഹാവബോധം സൃഷ്ടിക്കാനും ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുയിടങ്ങളും കേന്ദ്രീകരിച്ച് മെമ്മറി ക്ലിനിക്ക്, മെമ്മറി കഫേ, റോഡ്‌ഷോ, പോസ്റ്റര്‍-ചിത്ര പ്രദര്‍ശനം, മെമ്മറി കിയോസ്‌ക്, തെരുവുനാടകം തുടങ്ങി ആറ് മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

സെപ്തംബര്‍ 21-ന് ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിക്കും. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന വാക്ക് മേനക വഴി തിരിച്ച് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സമാപിക്കും. എആര്‍ഡിഎസ്‌ഐ സ്ഥാപകനും ഉദ്‌ബോധ് സംഘാടകസമിതി ചെയര്‍മാനുമായ ഡോ. ജേക്കബ് റോയ്, വൈസ് ചെയര്‍മാന്‍ ഡോ. എസ്. ഷാജി, ജനറല്‍ സെക്രട്ടറി ഡോ. പ്രവീണ്‍ ജി. പൈ, ട്രഷറര്‍ ഡോ. ബേബി ചക്രപാണി, ഐഎംഎ കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ജുനെയ്ദ് റഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY