സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വർക്കലയിൽ മദ്രസയിൽ നിന്നും രാവിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 12 വയസ്സുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. നടയറ നജീബ് സജ്ന ദമ്പതികളുടെ മകൻ ആസിഫിനെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ ആക്രമിച്ചത്. രാവിലെ ഏഴര മണിയോടെ നൂറുൽ ഇസ്ലാം മദ്രസയിൽ നിന്ന് മടങ്ങി, വഴിയിലൂടെ പോകുമ്പോഴായിരുന്നു പത്തോളം വരുന്ന തെരുവ് നായ്ക്കൾ കുട്ടിയെ കൂട്ടമായി ആക്രമിച്ചത്. സംഭവസമയം അതുവഴി കടന്നുവന്ന ബൈക്ക് യാത്രികന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ആസിഫിന് ജീവൻ തിരിച്ചുകിട്ടിയത്. ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.