മദ്യോപഭോഗത്തേക്കുറിച്ച് മാർഗനിർദേശങ്ങൾ പങ്കുവെച്ച് ഐ.സി.എം.ആർ. ആരോഗ്യകരമായ ജീവിതം നയിക്കാൻ ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചു നൽകിയ മാർഗനിർദേശങ്ങളിലാണ് മദ്യപാനശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐ.സി.എം.ആർ. പറയുന്നു. ബിയറിൽ രണ്ടു മുതൽ അഞ്ചുശതമാനം, വൈനിൽ എട്ടു മുതൽ പത്ത് ശതമാനം, ബ്രാൻഡി, റം, വിസ്കി എന്നിവയിൽ മുപ്പതു മുതൽ നാൽപതുശതമാനം വരെ ഈതൈൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. മദ്യത്തിലൂടെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറിൽ കൊഴുപ്പ് അടിയുന്നതിനു കാരണമാകുകയും ചെയ്യുമെന്നും ഐ.സി.എം.ആർ. പറയുന്നു. മദ്യോപഭോഗം വിശപ്പ് കുറയുകയും പോഷകങ്ങൾ ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുമെന്ന് ഐ.സി.എം. ആർ. വ്യക്തമാക്കുന്നു. ഇത് ഹൈപ്പർടെൻഷൻ, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അർബുദങ്ങൾക്കുള്ള സാധ്യതയും മദ്യോപഭോഗം കൂട്ടും. ഹൃദയത്തിന്റെ പേശികൾ ക്ഷയിക്കുന്നതിനും ഫാറ്റി ലിവർ ഉണ്ടാകുന്നതിനും ലിവർ സിറോസിസിനും മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐ.സി.എം.ആർ. പറയുന്നു.