ഗ്യാസിനും മറ്റുമായി കഴിക്കുന്ന അന്റാസിഡ് മരുന്നുകളും ചികിത്സയും എടുക്കുന്നവർക്ക് മൈഗ്രെയ്‌നും കടുത്ത തലവേദനയും വരാൻ സാധ്യത കൂടുതലെന്ന് പഠനം. ജനറിക് അന്റാസിഡുകൾ ഉപയോഗിക്കുന്നവർക്ക് 30 ശതമാനം മൈഗ്രൈൻ സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റർ മരുന്നുകളുടെയും എച്ച്2 ബ്ലോക്കറുകളുടെയുമൊക്കെ പാർശ്വഫലമായിട്ടാകാം തലവേദനയുണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. ഈ മരുന്നുകൾ മഗ്നീഷ്യത്തിന്റെയും മറ്റ് ചില വൈറ്റമിനുകളുടെയും ആഗീരണത്തെ ബാധിക്കുന്നതാകാം തലവേദനയ്‌ക്ക് കാരണമാകുന്നതെന്ന് ഗവേഷകർ പറയുന്നു. ആസിഡ് റിഫ്‌ളക്‌സിനെ തുടർന്നുണ്ടാകുന്ന നീർക്കെട്ട് കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ട്രിഗർ ചെയ്‌ത് കാൽസിടോണിൻ ജീൻ അനുബന്ധ പെപ്‌റ്റൈഡുകളെ പുറത്ത് വിടുന്നതാകാം മൈഗ്രെയ്‌നിന്റെ മറ്റൊരു കാരണം. ആസിഡ് റീഫ്‌ളക്‌സുമായി ബന്ധപ്പെട്ട സമ്മർദ്ദവും തലവേദനയിലേക്ക് നയിക്കാമെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു. വയറിലെ ആസിഡുകളും മറ്റും അന്നനാളിയിലൂടെ തിരികെ വായിലേക്ക് കയറി വരുന്ന അവസ്ഥയാണ് ഗ്യാസ്‌ട്രോ ഈസോഫാഗൽ റിഫ്‌ളക്‌സ് ഡിസീസ്. അസ്വസ്ഥത, നെഞ്ചെരിച്ചിൽ, ചുമ, ഏമ്പക്കം പോലുള്ള പല പ്രശ്‌നങ്ങളും ആസിഡ് റീഫ്‌ളക്‌സ് രോഗം മൂലം ഉണ്ടാകാം.