പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി; മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു

പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പോൾട്രി ഫാമിൽ സമാന രീതിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ വകുപ്പിന്റെ സമയോചിതമായ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിച്ചതിനാൽ പക്ഷിപ്പനി നിയന്ത്രിക്കാൻ സാധിച്ചു. അതേ മാതൃകയിൽ നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലും നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ മന്ത്രി നിർദേശിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഫാമിലെ തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി പക്ഷിപ്പനി പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ ലഭ്യമാക്കാൻ ജില്ലാ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ബാധിത മേഖലയിൽ നിരീക്ഷണത്തിന്റെ ഭാഗമായി മറ്റ് മൃഗങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ എല്ലാം നെഗറ്റീവ് ആണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പക്ഷിപ്പനി ബാധിച്ച് നിരണം ഫാമിലെ 560 താറാവുകൾ ആണ് മരണപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായസഹകരണത്തോടെ കള്ളിങ്ങ് നടപടികൾ 14ന് ആരംഭിക്കുവാൻ പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ട നടപടികൾ ഊർജ്ജിതമാക്കുവാൻ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.