വെളിച്ചമേറ്റ് കിടന്ന് ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്ന് പഠനം. ഉറങ്ങുന്ന സമയം ശരീരത്തിലേക്ക് ലൈറ്റ് അടിക്കുന്നത് തലച്ചോറിൽ സമ്മർദ്ദം ചെലുത്തപ്പെടാൻ കാരണമാകും. ഇത് ധമനികളിൽ വീക്കത്തിനും ഹൃദയാഘാതത്തിന് കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തി. ലോസ് ഏഞ്ചൽസിലുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പല ഗ്രൂപ്പുകളാക്കി തിരിച്ചാണ് പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി ഒരു കൂട്ടം ആളുകൾ 100 എൽഎക്‌സ് വെളിച്ചത്തിൽ ഉറങ്ങി. ശരാശരി കിടപ്പുമുറിയിലെ ലൈറ്റിലെ ഏറ്റവും താഴ്ന്ന നിലയിലാണിത്. മറ്റൊരു കൂട്ടം ആളുകൾ 3 എൽഎക്‌സിൽ താഴെയുള്ള മങ്ങിയ വെളിച്ചത്തിലും ഉറങ്ങി. 3 എൽഎക്‌സ് വെളിച്ചത്തിൽ ഉറങ്ങിയ ആളുകളുടെ ഹൃദയാരോഗ്യത്തേക്കാൾ മോശപ്പെട്ട നിലയിലാണ് ആദ്യ ഗ്രൂപ്പായ 100 എൽഎക്‌സിൽ താഴെയുള്ള മങ്ങിയ വെളിച്ചത്തിൽ ഉറങ്ങിയവരുടെ ഹൃദയാരോഗ്യം. ആദ്യ ഗ്രൂപ്പിൽ വർധിച്ച ഹൃദയമിടിപ്പ്, കുറഞ്ഞ ഉറക്കം, ഇൻസുലിൻ അളവ് കുറയൽ എന്നിവ പ്രകടമായതായി പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പങ്കെടുത്തവരിൽ സിടി സ്‌കാൻ, പെറ്റ് സ്‌കാൻ, ഇമേജ് സ്‌കാൻ എന്നിവയാണ് നടത്തിയത്. പഠനത്തിൽ പങ്കെടുത്ത 17 ശതമാനം പേർക്കും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായതായി പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു . രാത്രിയിൽ വെളിച്ചത്തിൻ്റെ എക്സ്പോഷർ വർധിക്കുന്നതിന് അനുസരിച്ച് ഹൃദ്രോഗ സാധ്യതയും വർധിച്ചതായി വിദഗ്‌ദർ കണ്ടെത്തി.



















