പന്ത്രണ്ട് വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം കണ്ടത്തിയത് ശ്വാസകോശത്തിൽ നിന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് യൗവ്വതിയുടെ ശ്വാസകോശത്തിൽ നിന്ന് മൂക്കുത്തി പുറത്തെടുത്തത്. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് മൂക്കുത്തിയുടെ ഒരു സെന്റീമീറ്റർ നീളമുള്ള ചങ്കിരി പുറത്തെടുത്തത്. 12 വർഷം മുമ്പാണ് വീട്ടമ്മക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടിൽ നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയിരുന്നില്ല. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായപ്പോൾ നടത്തിയ സ്കാനിങ്ങിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ആശുപത്രിയിലെ ഇന്റർവെൻഷനൽ പൾമണോളജി വിഭാഗത്തിന്റെ പരിശോധനയിൽ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് തിരിച്ചറിയുകയും റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുക്കയുമായിരുന്നു.