അമിതമായ ലഹരി ഉപയോഗത്തിന് പിന്നാലെ യു.പിയിൽ ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയ യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 29 സ്റ്റീൽ സ്പൂണുകളും, 19 ടൂത്ത് ബ്രഷുകളും രണ്ട് പേനകളും. സച്ചിൻ എന്ന 35 വയസ്സുകാരന്റെ വയറ്റിൽ നിന്നുമാണ് ശസ്ത്രക്രീയയിലൂടെ ഡോക്ടർമാർ ഈ വസ്തുക്കൾ നീക്കം ചെയ്തത്. ഡീ-അഡിക്ഷൻ സെന്ററിലെ ചികിത്സയിൽ നിരാശ പ്രകടിപ്പിച്ച യുവാവ് സെന്ററിൽ നിന്ന് പലപ്പോഴായി മോഷ്ടിച്ച വസ്തുക്കളാണ് വിഴുങ്ങിയത്. തുടർന്ന് വയറ് വേദന അനുഭവപ്പെടുന്നുവെന്ന യുവാവിന്റെ പരാതിയിൽ ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആദ്യം എൻഡോസ്കോപ്പിയിലൂടെ വയറിൽ കുടുങ്ങിയ വസ്തുക്കൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് ശസ്ത്രക്രീയയിലൂടെ ഇവ നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചത്. യുവാവ് സുഖം പ്രാപിക്കുന്നതായാണ് റിപ്പോർട്ട്.



















