പോസ്റ്ററില്‍ മതവിദ്വേഷം: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാ ശകലം പോസ്റ്റര്‍ രൂപത്തില്‍ ക്യാമ്പസില്‍ എഴുതിയൊട്ടിച്ച മഹാരാജാസ് കോളജിലെ ആറ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റര്‍ മതവിദ്വോഷം ജനിപ്പിക്കുന്നുവെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് അറസ്റ്റ്. ഒരുമാസം മുമ്പേ ക്യാമ്പസില്‍ പതിപ്പിച്ച പോസ്റ്ററുകളുടെ പേരിലാണ് ഇപ്പോള്‍ നടപടി.

untitled-2-copy

ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോടു പറഞ്ഞു, നമ്മളിന്നു കുടിച്ച ചോരയ്ക്ക് ഒരേ രുചി’ തുടങ്ങിയ കുരീപ്പുഴയുടെ കവിതാ ശകലങ്ങളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

untitled-1-copy

പൊതുമുതല്‍ നശിപ്പിച്ചുവെന്നും മതവിദ്വേഷപ്രചരണം നടത്തിയെന്നും ആരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, രാകേഷ്, ആനന്ദ് വിനീഷ്, ജിതിന്‍, ഷിജാസ്, നിതിന്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.