ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും ഇനി വിലക്കില്ല

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും ഇനി വിലക്കില്ല. വിലക്ക് ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന മാർച്ച് 21 ന് പിൻവലിച്ചു. ഉത്തരവിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണു നടപടി. ഉത്തരവിൽ അവ്യക്തത ഉള്ളതിനാൽ ആണ് പിൻവലിച്ചത് എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ‘‘പെരുമാറ്റച്ചട്ടങ്ങൾക്കു വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കാതെയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനു സർക്കാർ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയാൽ ചട്ടലംഘനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സമൂഹമാധ്യമങ്ങളിലെ ചാനലുകൾ നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ പരസ്യവരുമാനം ലഭിക്കും. അതു സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണ്. സർക്കാർ അനുമതി വാങ്ങിയശേഷം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടാലും ഉദ്യോഗസ്ഥർ പ്രതിഫലം വാങ്ങിയതായി കണ്ടുപിടിക്കുന്നതിനു തടസ്സങ്ങളുണ്ട്. ഇതിനാൽ പോസ്റ്റുകൾ ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും ഉദ്യോഗസ്ഥർക്കു വിലക്ക് ഏർപ്പെടുത്തുന്നു എന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ആദ്യ ഉത്തരവിൽ പറഞ്ഞിരുന്നത്.