രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ ഹെല്‍ത്ത് റെഗുലേറ്റര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. പ്രമേഹ രോഗികള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതിനായി പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വാങ്ങുന്ന സ്മാര്‍ട്ട് വാച്ചുകളുടെയും ഉപകരണങ്ങളുടെയും വര്‍ദ്ധനവ് കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്നതിനായി നോണ്‍-ഇന്‍വേസിവ് സാങ്കേതികവിദ്യകള്‍ക്കൊന്നും ആരോഗ്യ വിദഗ്ധര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി വിലയിരുത്തുമെന്ന് അവകാശപ്പെട്ടു കൊണ്ട് നിരവധി ഉപകരണങ്ങള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഈ സാങ്കേതികവിദ്യകള്‍ തെറ്റായ വിവരങ്ങള്‍ ആണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ കമ്പനിയായ GOQii – സ്ഥാപകനും സിഇഒയുമായ വിശാല്‍ ഗോണ്ടല്‍ വ്യക്തമാക്കി. സ്മാര്‍ട്ട് വാച്ച് പോലുള്ള ഉപകരണങ്ങള്‍ സാധാരണയായി ചര്‍മ്മത്തിലോ വയറിലോ കൈയ്യിലോ ധരിക്കാന്‍ കഴിയുന്ന ചെറിയ സെന്‍സറുകളാണ്. സൂചി ഉപയോഗിച്ച് കുത്താത്ത ഉപകരണങ്ങള്‍ കൃത്യത ഉറപ്പാക്കുന്നില്ലെന്നും അത്തരത്തിലുള്ള ഒരു ഉപകരണത്തിനും റെഗുലേറ്റര്‍മാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല എന്നും മാക്സ് ഹെല്‍ത്ത്കെയറിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് ഡയബറ്റിസ് ചെയര്‍മാനും ഹെഡുമായ ഡോ.അംബ്രിഷ് മിത്തല്‍ വ്യക്തമാക്കി. രക്തത്തിലെ ഗ്ലൂക്കോസിന്റെ കൃത്യമായ അളവ് അറിഞ്ഞാല്‍ മാത്രമേ മരുന്നുകളുടെയും ഇന്‍സുലിന്റെയും ഡോസ് ക്രമീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുകയുള്ളൂ എന്നും ഡോ.അംബ്രിഷ് മിത്തല്‍ കൂട്ടിച്ചേര്‍ത്തു. നോണ്‍-ഇന്‍വേസിവ് ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സാങ്കേതികവിദ്യ ഭാവിയില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നിലവില്‍ ഇത്തരം മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ഒഴിവാക്കുന്നതായിരിക്കും ഉചിതമെന്നും ഡോ.അംബ്രിഷ് മിത്തല്‍ വ്യക്തമാക്കി.