കുടലിൻ്റെ ആരോഗ്യം മോശമാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. കുടലിലെ ചില ദോഷകരമായ ബാക്ടീരിയകൾക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനാകുമെന്ന് എംഡിപിഐയുടെ ജേണലായ ‘ന്യൂട്രിയൻ്റ്സ്’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആരോഗ്യകരമായ ഗട്ട് ബാക്ടീരിയയുടെ അഭാവം മൂലം വർദ്ധിച്ചുവരുന്ന ഉത്കണ്ഠ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ആരോഗ്യകരമായ ബാക്ടീരിയയുടെ കുറവ് കുടലിൽ ദോഷകരമായ ബാക്ടീരിയകൾക്ക് വഴിയൊരുക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
രക്താതിമർദ്ദം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ലോകമെമ്പാടുമുള്ള പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഹൃദയാരോഗ്യം, കൊളസ്ട്രോൾ, സമ്മർദ്ദം, ഉത്കണ്ഠ, പൊണ്ണത്തടി അല്ലെങ്കിൽ പുകവലി തുടങ്ങിയ ഘടകങ്ങളും രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ വളർത്തുന്ന ശീലങ്ങൾ പിന്തുടരുന്നത് രക്തസമ്മർദ്ദ നിയന്ത്രണത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. സമീകൃതാഹാരം സ്വീകരിക്കുക, വ്യായാമം ചെയ്യുക, സ്ട്രെസ് അകറ്റുക എന്നിവ കുടലിൻ്റെ ആരോഗ്യത്തിന് മാത്രമല്ല, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നതായും ഗവേഷകർ വ്യക്തമാക്കുന്നു