അമേരിക്കയിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയ വാർത്തയാണിപ്പോൾ മാധ്യമ ലോകം ചർച്ചചെയ്യുന്നത്. ഇതോടെ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി അലബാമ. 58 വയസ്സുള്ള കെന്നത്ത് സ്മിത്ത് എന്ന തടവുകാരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
എന്തുകൊണ്ടാണ് ഈ വാർത്ത ഇത്ര പ്രാധാന്യമർഹിക്കുന്നത് എന്ന് നോക്കാം,
‘നൈട്രജൻ ഹൈപോക്സിയ’ എന്നറിയപ്പെടുന്ന വിചിത്രമായ വധശിക്ഷയ്ക്കെതിരെ വ്യാപക വിമർശനമാണ് രാജ്യത്ത് ഉയരുന്നത്. രൂക്ഷമായ ഭാഷയിലാണ് യുഎൻ വിമർശനം നടത്തിയത്. മുൻപ് പരീക്ഷിക്കാത്ത നൈട്രജൻ ഉപയോഗിക്കുന്നത് സ്മിത്തിനു വലിയ ദുരിതമാവുമെന്നു നൈട്രജൻ ഉപയോഗിച്ചുള്ള വധശിക്ഷയെ എതിർക്കുന്നവർ വാദിച്ചിരുന്നു. ഇതിനെ സുപ്രീം കോടതിയിൽ മൂന്നു ലിബറൽ ജഡ്ജുമാർ എതിർത്തെങ്കിലും കോടതി അനുമതിനൽകുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതു കണ്ട അലബാമ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തത്,
സ്മിത്തിന്റെ മാസ്കിലേക്കു നൈട്രജൻ ഗ്യാസ് എത്തിക്കഴിഞ്ഞിട്ടും വേദനയുടെ നിമിഷങ്ങളിൽ അയാൾക്ക് ബോധമുണ്ടായിരുന്നു എന്നാണ്. പിന്നീട് രണ്ടു മിനിട്ടെങ്കിലും അയാൾ പിടഞ്ഞു, പിന്നീട് ഏതാനും നിമിഷങ്ങൾ ശ്വസിക്കാൻ കഷ്ടപ്പെട്ടു. പിന്നെ ശ്വാസോഛ്വാസം മന്ദഗതിയിലായി അവസാനിച്ചു. സ്മിത്തിന്റെ മരണം പതിവു രീതിയിൽ തന്നെ ആയിരുന്നു എന്നാണ് അധികൃതരുടെ നിലപാട്. 1988ൽ സുവിശേഷകനായ ഭർത്താവ് തന്റെ ഭാര്യയെ കൊല്ലാൻ വാടകയ്ക്കെടുത്ത മൂന്നു കൊലയാളികളിൽ ഒരാളായിരുന്നു സ്മിത്ത്. 2022 നവംബറിൽ സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കൃത്യമായി കുത്തിവയ്ക്കാനുള്ള ഞരമ്പ് കിട്ടാതെ വന്നതിനെ തുടർന്നു വാറന്റ് സമയം കഴിഞ്ഞപ്പോൾ ശ്രമം ഉപേക്ഷിക്കയായിരുന്നു. അലബാമ പുതിയ പരീക്ഷണം നടത്തുന്നതിനെ സുപ്രീം കോടതിയിൽ ജസ്റ്റിസ് സോണിയ സോട്ടോ മേയർ ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ അലബാമ സ്മിത്തിനെ പരീക്ഷണത്തിനു ബലിയാടാക്കുന്നു എന്നാണവർ പറഞ്ഞത്. നൈട്രജൻ ഹൈപ്പോക്സിയ എന്ന പേരിൽ അറിയപ്പെടുന്ന രീതി യൂറോപ്പിലും മറ്റും മുൻപ് ആത്മഹത്യാ സഹായത്തിനു പരീക്ഷിച്ചിട്ടുണ്ട്. സെക്കൻഡുകൾ കൊണ്ടു ബോധം നഷ്ടപ്പെടും എന്നതിനാൽ വേദന അറിയാത്ത വധമാണെന്നു അതിനെ അനുകൂലിക്കുന്നവർ വാദിച്ചിരുന്നു. അന്തരീക്ഷ വായുവിൽ 78% വരെയുള്ള നൈട്രജൻ നിരുപദ്രവകാരി ആയാണ് കരുതപ്പെടുന്നത്. ഓക്സിജൻ 21% മാത്രമേ ഉള്ളുവെങ്കിലും അതു ജീവന്റെ നിലനിൽപിന് അനിവാര്യമാണ്. പക്ഷെ മാസ്കിലേക്കു നൈട്രജൻ കയറ്റുമ്പോൾ ഓക്സിജൻ മുഴുവൻ അതു തള്ളിക്കളയുന്നു. അങ്ങിനെയാണ് സ്മിത്തിന് മരണം സംഭവിച്ചതും.