സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തി അറിയിച്ച് കേന്ദ്ര ആരോഗ്യ സംഘം. എറണാകുളം, വയനാട് ജില്ലകളിൽ നടപ്പിലാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങളേയും സാന്ത്വന പരിചരണ പ്രവർത്തനങ്ങളേയും സംഘം അഭിനന്ദിച്ചു. ജനുവരി 15 മുതൽ 20 വരെ എറണാകുളം, വയനാട് ജില്ലകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ജോയിന്റ് സപ്പോർട്ടീവ് സൂപ്പർ വിഷൻ ആന്റ് മോണിറ്ററിംഗ് ടീം നടത്തിയ സന്ദർശത്തിന് ശേഷമാണ് അഭിനന്ദനമറിയിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ജില്ലകളിൽ സന്ദർശനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ, നാഷണൽ ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെന്ററിന്റെ പ്രതിനിധികൾ, ടാറ്റാ ട്രസ്റ്റിന്റെ പ്രതിനിധികൾ, കേന്ദ്ര സർക്കാർ ഹെൽത്ത് സർവീസിന്റെ പ്രതിനിധികൾ തുടങ്ങി 9 പ്രതിനിധികളാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ ജനറൽ ആശുപത്രി, രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, മണീട് കുടുംബാരോഗ്യ കേന്ദ്രം, ആലുവ ജില്ലാ ആശുപത്രി, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവ സംഘം സന്ദർശിച്ചു. ഈ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, ഭൗതിക സാഹചര്യങ്ങളും രാജ്യത്തൊരിടത്തും ഇപ്പോൾ നിലവില്ലായെന്ന് സംഘം അഭിപ്രായപ്പെട്ടു.