കേരളത്തിലെ HIV അണുബാധിതരുടെ എണ്ണം കൂടിവരുന്നതായി അടുത്തിടെ വന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. രോഗബാധിതരില്‍ കൂടുതല്‍ 19നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്ന ഞെട്ടിക്കുന്ന വിവരവും ഞങ്ങള്‍ പുറത്തുവിട്ടിരുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് ഇതിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതെങ്കിലും യുവതലമുറയെ രോഗബാധിതരാക്കുന്നതിന് പ്രധാന കാരണം ട്രാന്‍സ്ജിന്‍ഡറുകള്‍ ആണെന്ന രിതിയിലുള്ള പ്രചരണങ്ങളും ശക്തമാണ്. ഇതിന്റെ ഉദാഹരണമാണ് ഞങ്ങള്‍ എയ്ഡ്‌സ് ദിനത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് താഴെ വന്ന കമെന്റുകള്‍.
കമന്റുകള്‍ കൂടുതലും LGBTQ കമ്മ്യൂണിറ്റികളെ മാത്രം കുറ്റപ്പെടുത്തുമ്പോള്‍ സത്യത്തില്‍ കേരളത്തില്‍ HIV പടരുന്നതിനും, പടര്‍ത്തുന്നതിലും കാരണം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നമ്മുടെ സമൂഹത്തില്‍ ഉള്ളതുകൊണ്ടാണോ? മലയാളിയുടെ പൊതുബോധത്തില്‍ സംശയമായി ഉയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്കൊന്ന് പരിശോധിക്കാം.
കണക്കുകള്‍ അനുസരിച്ച് 2021 ഇല്‍ സംസ്ഥാനത്ത് പത്തു ലക്ഷത്തി ആറായിരത്തി തൊള്ളായിരത്തി 13 പേര്‍ കേരളത്തില്‍ HIV പരിശോധന നടത്തിയതില്‍ 866 പേരില്‍ രോഗം സ്ഥിരീകരിച്ചു. 2023 ജനുവരി മുതല്‍ 2023 ഒക്ടോബര് വരെ സംസ്ഥാനത്ത് 13 ലക്ഷത്തി അമ്പതിനായിരത്തി ഒരുന്നൂറ്റി 21 പേരില്‍ HIV പരിശോധന നടത്തിയതില്‍ 1037 പേര്‍ക്ക് HIV അണുബാധ സ്ഥിരീകരിച്ചു. എന്നാല്‍ 2021ല്‍ 4697 ട്രാന്‍സ്ജന്‍ഡറുകള്‍ പരിശോധന നടത്തിയതില്‍ 6 പേര്‍ക്കും, 2023ല്‍ ട്രാന്‍സ്ജിന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ 4 ,753 പേര്‍ പരിശോധനയ്ക്ക് വിധേയരായവരില്‍ 9 പേര്‍ക്കും മാത്രമാണ് എച്ച്‌ഐവി വൈറസ് സ്ഥിരീകരിച്ചത്.
ഈ കണക്കുകളെ ചെറുതാക്കി കാണിക്കാനുള്ള ശ്രമമല്ല ഞങ്ങള്‍ നടത്തുന്നത്. പകരം ഒരു രോഗത്തിന്റെ പേരില്‍ ഒരു സമൂഹത്തെയാകെ ഒറ്റപ്പെടുത്തുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. പലരും കരുതുന്നതുപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ മാത്രം പടരുന്ന ഒരു രോഗബാധയല്ല എച്ച്‌ഐവി. സുരക്ഷിതരല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍െപ്പടുന്ന ഏതൊരാളും റിസ്‌ക് വിഭാഗത്തില്‍ പെടുകതന്നെ ചെയ്യും. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നതും അതുതന്നെയാണ്.
HIV പടര്‍ന്നുപിടിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ ഓരോരുത്തരും സുരക്ഷിതരാണോ എന്ന് സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ exposure ഉണ്ടായെങ്കില്‍, അഥവാ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപെട്ടു ടെസ്റ്റ് ചെയ്യുകയും ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് വിധേയരാകേണ്ടതുമാണ്. ഓര്‍ക്കുക HIV ബാധിതരില്ലാത്ത ഒരു തലമുറക്കായി നമുക്ക് വിവേകത്തോടെ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യാം.