സംസ്ഥാനത്ത് മനുഷ്യരിൽ ജന്തുജന്യ രോഗങ്ങൾ കൂടിവരുന്നതായി പഠനം. വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപ തുടങ്ങി എലിപ്പനി, കുരങ്ങുപനി, ചെള്ളുപനി , ലീഷ്മാനിയ രോഗം, വൈസ്റ്റ് നൈൽ ഫൈലേറിയ, ബ്രൂസില്ലോസ്, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, ചികുൻ ഗുനിയ അടക്കം ജന്തുജന്യ രോഗങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. ഇതേകുറിച്ച് ശരിയായ അവബോധമുണ്ടാകേണ്ടതുണ്ടെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, പരിസ്ഥിതി ആവാസ വ്യവസ്ഥ നശീകരണം തുടങ്ങിയ കാരണങ്ങൾ മൂലമാണ് ജന്തുജന്യ രോഗങ്ങൾ മനുഷ്യരിൽ കൂടുന്നതെന്നാണ് പഠനം. എന്നാൽ, ജന്തുക്കളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം ഇത്തരം രോഗങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമാകുന്നുണ്ടെന്ന് വെറ്ററിനറി സർജൻ ഡോ. സുഹാസ് പറയുന്നു. പുതുതായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളിൽ ഭൂരിഭാഗവും ജന്തുജന്യ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളുമായുള്ള സ്വാഭാവിക സഹവാസം, വിനോദം, ലാളന, കൃഷി, ഭക്ഷണം എന്നിവക്കായി വളർത്തുക എന്നിവയെല്ലാം രോഗം പകരാനുള്ള കാരണങ്ങളാണ് എന്നും ആരോഗ്യവിദഗ്തർ അഭിപ്രായപ്പെടുന്നു.