ചെന്നൈ: തമിഴ്നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി. പനി ബാധിച്ച കുട്ടിക്ക് കുത്തിവയ്പ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിർദേശമെന്നും കുട്ടിയുടെ അച്ഛന് കൈമാറിയ കുറിപ്പടി തുറന്നുപോലും നോക്കാതെയാണ് നഴ്സ് കുത്തിവയ്പെടുത്തതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. എന്നാൽ രണ്ടാമതും കുത്തിവയ്പെടുക്കാൻ തുടങ്ങിയപ്പോൾ കുട്ടിയുടെ അച്ഛൻ ഇക്കാര്യം ചോദിച്ചതായും നായയുടെ കടിയേറ്റാല്‍ 2 കുത്തിവെപ്പുള്ള കാര്യം അറിയില്ലേ എന്നായിരുന്നു നഴ്സിന്റെ മറുപടിയെന്നും ബന്ധുക്കൾ പറഞ്ഞു. പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞപ്പോഴാണ് നഴ്സ് കുറിപ്പടി പരിശോധിച്ചത്. അതേസമയം, ഗുരുതര പിഴവ് വരുത്തിയ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു.