കൊല്ലം: കൊല്ലം ആശ്രമം നഴ്സിങ് കോളേജിലെ 12 വിദ്യാർത്ഥിനികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമ റിപോർട്ടുകൾ. ഇന്നലെ ഉച്ചയ്ക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാവാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടോടെ രണ്ട് കുട്ടികൾ കുഴഞ്ഞുവീഴുകയും എട്ടുപേർക്ക് തലവേദനയും ഛർദ്ദിയും ഉണ്ടാവുകയും ചെയ്തതിനാൽ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി എട്ടോടെ രണ്ടു വിദ്യാർഥികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം ഉണ്ടായിരുന്ന ചൂരക്കറിയിൽ നിന്നാവാം ഭക്ഷ്യവിഷബാധയെന്നാണ് കരുതുന്നത്. ആരോഗ്യ വകുപ്പ് അധികൃതർ മീനിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.