തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ മന്ത്രി ജാഗ്രതാ നിർദ്ദേശം നൽകി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്. ആശുപത്രികളിൽ എത്തുന്നവർ, മറ്റ് രോഗമുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദേശം നൽകി. കൊവിഡ് ജാഗ്രത പാലിക്കാൻ കേന്ദ്രം കത്ത് അയച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം യോഗം ചേർന്നത്. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയ സംവിധാനങ്ങൾ കൂടുതൽ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകി.