കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ പടർന്ന തീ പൂർണമായി അണച്ചതിന്റെ സന്തോഷം ആഘോഷിക്കുന്ന രക്ഷാപ്രവർത്തകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് മന്ത്രി പി രാജീവ്. 12 ദിവസവും 24 മണിക്കൂറും പ്രയത്നിച്ച അഗ്നിശമനസേനാംഗങ്ങളുടെ സന്തോഷം ഈ ദൗത്യം എത്ര കഠിനമായിരുന്നുവെന്നതിന് തെളിവാണെന്നും മന്ത്രി കുറിച്ചു. പ്രദേശത്തെ വായു ഗുണ നിലവാര സൂചിക ഇപ്പോൾ സാധാരണനിലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ ജില്ലയിലെ മാലിന്യ സംസ്കരണം സുഗമമാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.