ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നമുള്ളവർ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം

കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നമുള്ളവർ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൂടുകാലത്ത് കരുതലോടെ നേരിടാൻ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനു ആരോഗ്യ സംവിധാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യണം. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കാനും, ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കാനും ശ്രദ്ധിക്കണം. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തണമെന്നും മന്ത്രി നിദേശിച്ചു. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സൂര്യാഘാതം (Heatstroke/Sub stroke)

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടൻ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.

സൂര്യതാപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)

സൂര്യാഘാതത്തേക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

ലക്ഷണങ്ങൾ

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതം, താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ഫലങ്ങളും സാലഡുകളും കഴിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

പ്രതിരോധ മാർഗങ്ങൾ

വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യാതപം കൊണ്ടുള്ള മറ്റ് ചില പ്രശ്നങ്ങൾ

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്.

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്ന ഹീറ്റ് റാഷ് എന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.